ശബരിമല വിശാല ബെഞ്ചിന്

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വാദങ്ങള്‍ കേള്‍ക്കുന്നത് വിശാല ഭരണഘടനാ ബെഞ്ചിനു വിട്ടു സുപ്രീം കോടതി ഉത്തരവായി. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കഴിഞ്ഞ വര്‍ഷത്തെ വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജിയിലാണ് പരമോന്നത കോടതിയുടെ ഈ തീരുമാനം. അതേസമയം, സ്ത്രീപ്രവേശനം സ്റ്റേ ചെയ്യുന്നില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

 ഭരണഘടന മൂന്നാം അനുേഛദം പ്രകാരം, സ്ത്രീകൾക്കും പുരുഷന്മാർക്കും സമൂഹത്തിൽ തുല്യ അവകാശങ്ങൾ ആണെന്നും ആർത്തവത്തിന്റെ പേരിലുള്ള അയിത്തം ഭരണഘടനാ വിരുദ്ധമാണെന്നുമാണ് കഴിഞ്ഞ വര്ഷം സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.  


ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച ഈ വിധിയെ തുടക്കത്തില്‍ സ്വാഗതം ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ വൈകാതെ നിലപാടുമാറ്റി.  വിശ്വാസവുമായി  ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതി ഇടപെടല്‍ ശരിയല്ല എന്ന നിലപാട് സ്വീകരിച്ച വിധി പുറപ്പെടുവിച്ച  ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ  വിയോജനക്കുറിപ്പ് പ്രതിഷേധക്കാര്‍ ആയുധമാക്കി. 

വിധിയുടെ പശ്ചാത്തലത്തില്‍ ഒറ്റയ്ക്കും കൂട്ടമായും ശബരിമല സന്ദര്‍ശിക്കാനെത്തിയ സ്ത്രീകളെ വിശ്വാസികള്‍ എന്ന് സ്വയം അവകാശപ്പെട്ട ആള്‍ക്കൂട്ടങ്ങള്‍ തടഞ്ഞതും സ്ത്രീകളെ അക്രമികള്‍ കൈയ്യേറ്റം ചെയ്യാന്‍ മുതിര്ന്നതും വാര്‍ത്തയായി. സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതും വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കാന്‍ അനുവദിക്കില്ലെന്ന വിശദീകരണ യോഗങ്ങളില്‍  മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും സ്ഥിതി സങ്കീര്‍ണമാക്കി. കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണം എന്നദ്ദേഹം ആഹ്വാനം ചെയ്തു.

സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടെടുത്ത കേരളത്തിലെ 
ഭരണമുന്നണി,  എതിരാളികളുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ വനിതാ മതില്‍ തീര്‍ത്ത് അനുകൂലമായ അഭിപ്രായ രൂപീകരണത്തിന് ശ്രമിച്ചെങ്കിലും ശബരിമലയിലെ സന്ദര്‍ശകരുടെ എണ്ണത്തിലും  നടവരുമാനത്തിലും വന്ന കുറവ് തിരിച്ചടിയായി. ഇതിനിടെ, ബിന്ദു മാലിനി, കനക ദുര്‍ഗ്ഗ എന്നിവര്‍ പോലീസ് സഹായത്തോടെ സന്നിധാനത്തെത്തി പ്രാര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്ന്  പമ്പയിലും നിലയ്ക്കലും തീര്‍ഥാടകരെത്തുന്ന വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കാന്‍ ഒരു സംഘം ആള്‍ക്കാര്‍ മുതിര്‍ന്നത് നൂറുകണക്കിന് ഭക്തരെ വലച്ചു. സംഘര്‍ഷത്തിലും, പോലീസ് വാഹന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്തിലേക്കും ഇത് നയിച്ചു.  സാധാരണക്കാരായ ഭക്തര്‍ക്ക്‌ ശബരിമല സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തടസ്സമാണ് എന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. 

അയോദ്ധ്യാ കേസിലെ ചരിത്രവിധിക്ക് പിന്നാലെ വന്നതുകൊണ്ട്  ശബരിമല വിധി പ്രാധാന്യമര്‍ഹിക്കുന്നു. ആചാര വിശ്വാസങ്ങളും  ഭരണഘടന വ്യക്തികള്‍ക്ക്  ഉറപ്പുതരുന്ന അവകാശങ്ങളും ആയുള്ള ഏറ്റുമുട്ടലില്‍ വിധി പറയുക സാധാരണക്കാര്‍ക്ക് എളുപ്പമല്ല. അന്തിമ വിജയം ആര്‍ക്കാണെന്നറിയാന്‍ വിശാല ബെഞ്ചിന്റെ വിധിവരെ കാത്തിരിക്കേണ്ടിവരും.

No comments:

Post a Comment