ഇരുപത്തിനാലാമത് ഐ എഫ് എഫ് കെ : ദെ സേ നത്തിംഗ് സ്റ്റേയ്സ് ദി സെയിം മികച്ച ചിത്രം

കാഴ്ചയുടെ പുതുമ സമ്മാനിച്ച ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് സമാപനമായി. ജാപ്പനീസ്  ചിത്രം 'ദെ സേ നത്തിംഗ് സ്റ്റേയ്സ് ദി സെയിം' മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടി. മലയാള ചിത്രം ജല്ലിക്കെട്ട് പ്രേക്ഷക വോട്ടിൽ മുന്നിലെത്തി. മത്സര വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശവും ചിത്രം നേടി.



പ്രമുഖ ജാപ്പനീസ്‌ നടനും സംഗീതജ്ഞനുമായ ജോ ഒദഗിരിയുടെ പ്രഥമ സംവിധാന സംരംഭമാണ്  ദെ സേ നത്തിംഗ് സ്റ്റേയ്സ് ദി സെയിം.  ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു ഗ്രാമത്തിലെ കടത്തുകാരനായ ടോയ്ച്ചി എന്ന വൃദ്ധന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. അങ്ങനെയിരിക്കെ ആ ആ നദിക്കു കുറുകെ പാലം വരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ട്. ഇന്നത്തെ  വികസന സങ്കല്‍പ്പങ്ങളെ ചിത്രം പ്രശ്നവത്കരിക്കുന്നുണ്ടെന്നു മേളയില്‍ വിലയിരുത്തപ്പെട്ടു.

മികച്ച സംവിധായകനുള്ള രജത ചകോര പുരസ്‌കാരം ബ്രസീലിയന്‍ ചിത്രം  പാക്കററ്റിന്റെ സംവിധായകന്‍  അലന്‍ ഡിബര്‍ട്ടന്‍ നേടി. ബാലെ നര്‍ത്തകിയായ പാക്കററ്റ് (Pacarrette) എന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.  മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഡോക്ടര്‍ ബിജുവിന്റെ വെയില്‍ മരങ്ങള്‍ നേടി. മികച്ച ഏഷ്യന്‍ സിനിമയായി ഫാഹിം ഇഷാദിന്റെ 'ആനി മാനി' തിരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍ പ്രദേശിലെ കബാബ് വില്‍പ്പനക്കാരനായ ഭൂട്ടോയുടെ കഥ പറയുന്ന ഈ ചിത്രം, ആള്‍ക്കൂട്ടകൊലപതകങ്ങള്‍ ഉള്‍പ്പെടെയുള്ള പൊള്ളുന്ന സമകാലീക പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നു. മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്എ - കെ.ആര്‍. മോഹനന്‍ പുരസ്‌കാരവും ആനി മാനിക്കാണ്.


പുരസ്കാരങ്ങളൊന്നും നേടിയില്ലെങ്കിലും കൊറിയന്‍ ചിത്രം 'പാരസൈറ്റ്' മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രം കാണാനുള്ള തിക്കും തിരക്കും ടാഗോര്‍ തീയേറ്ററില്‍ ചെറിയ സംഘര്‍ഷത്തിനു കാരണമായി. ചിത്രത്തിന്റെ അധിക പ്രദര്‍ശനം നടത്തി സംഘാടകര്‍ പ്രശ്നം പരിഹരിച്ചു. ഈയൊരു സംഭവമൊഴിച്ചു നിര്‍ത്തിയാല്‍ ഏറെക്കുറെ പ്രശ്നരഹിതമായിരുന്നു ഇരുപത്തിനാലാമത് മേള.

No comments:

Post a Comment