പതിറ്റാണ്ടിന്റെ സൂര്യഗ്രഹണം വീക്ഷിച്ച് ആയിരങ്ങള്‍

പതിനൊന്നു വർഷത്തിലൊരിക്കൽ ദൃശ്യമാകുന്ന അപൂർവ്വ സൂര്യഗ്രഹണത്തിന്റെ കാഴ്ച മുതിർന്നവരെയും കുട്ടികളെയും ഒരു പോലെ ആവേശത്തിലാഴ്ത്തി. ഡിസംബർ 26 ബുധനാഴ്ച രാവിലെയാണ് ഗ്രഹണം ഇന്ത്യയിൽ ദൃശ്യമായത്. തലസ്ഥാന ജില്ലയിലുപ്പെടെ ഗ്രഹണം ദർശിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

തിരുവന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗ്രഹണം കാണാന്‍ എത്തിയവരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.





ഇന്ത്യന്‍ സമയം 8.05നും  11.10 നുമിടയിലാണ് ഗ്രഹണം ദൃശ്യമായത്. നഗ്ന നേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് അപകടകരമയതിനാല്‍  സണ്‍ഫില്‍ട്ടര്‍ ഉപയോഗിച്ചാണ്‌ ഗ്രഹണ സമയത്തെ സൂര്യനെ വീക്ഷിച്ചത്. പതിനഞ്ചു രൂപനിരക്കില്‍ ഇത് സെന്‍ട്രല്‍ സ്റ്റേ ഡി യത്തില്‍ വിതരണം ചെയ്തു. ബ്ലാക്ക്‌ പോളിമര്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ് സണ്‍ ഫില്‍റ്റര്‍.  ഇതുകൂടാതെ പരമ്പരാഗത രീതിയില്‍ ഗ്രഹണത്തിന്റെ പ്രതിബിംബം ചുമരിലും കടലാസ് പ്രതലത്തിലും പതിപ്പിച്ചും നിരവധിപേര്‍ ഗ്രഹണത്തിന്റെ പരിണാമം ദര്‍ശിച്ചു. അമേച്വര്‍ ആസ്ട്രോണമറായ ചന്ദ്രശേഖര്‍ രമേശ്‌, വിവിധ ശാസ്ത്ര സംഘടനകള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.



ഗ്രഹണം ഇന്ത്യയില്‍  ആദ്യം ദൃശ്യമായ കാസര്ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരും  നാട്ടുകാരുമടക്കമുള്ളവര്‍ ഗ്രഹണം വീക്ഷിച്ചു. സൂര്യന്‍  സ്വര്‍ണനിറത്തിലുള്ള വലയമായി മാറുന്ന അപൂര്‍വ കാഴ്ചയ്ക്ക്  ചെറുവത്തൂരില്‍ ഗ്രഹണം വീക്ഷിച്ചവര്‍ സാക്ഷിയായി. പ്രമുഖ ശാസ്ത്രജ്ഞരും ജനപ്രതിനിധികളും നേതൃത്വം നല്‍കി. വയനാട്ടിലെ വിവിധ കേന്ദ്രങ്ങളിലും നിരവധിപ്പേര്‍  ഗ്രഹണം വീക്ഷിച്ചു.

അതേസമയം കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രം, തിരുവനതപുരം ശ്രീപത്മനാഭക്ഷേത്രം, ശബരിമല എന്നീ തുടങ്ങി നിരവധി ആരാധനാലയങ്ങളില്‍ ഗ്രഹണസമയത്ത് നാലു മണിക്കൂറോളം നടയടച്ചു. സംഭവം ഗ്രഹണവുമായി ബന്ധപ്പെട്ടു ഇന്നും നിലവിലുള്ള അന്ധവിശ്വാസങ്ങളെ സംബന്ധിച്ച ചര്‍ച്ചയ്ക്കു കാരണമായി.

ഗ്രഹണം വീക്ഷിക്കാനെത്തിയവരില്‍ വലിയൊരു ശതമാനം വിദ്യാര്‍ഥികള്‍ ആയിരുന്നത് പ്രതീക്ഷയ്ക്ക് വകനല്കുന്നുവെന്നു പൊതുവേ വിലയിരുത്തപ്പെട്ടു. ശാസ്ത്രാവബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഇത്തരം ശ്രമങ്ങള്‍ക്കുള്ള പങ്കിനെ ശ്ലാഘിക്കാന്‍ ഗ്രഹണം ദര്‍ശിക്കാനെത്തിയ വിദ്യാഭ്യസമന്ത്രി സി. രവീന്ദ്രനാഥ് മറന്നില്ല. 

No comments:

Post a Comment